മാനന്തവാടി: ഓണാഘോഷത്തോടനുബന്ധിച്ച് തവിഞ്ഞാൽ സെന്റ് തോമസ് യുപി സ്കൂളിൽ സംഘടിപ്പിച്ച മെഗാ തിരുവാതിര ശ്രദ്ധേയമായി. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളുമുൾപ്പടെ 120 പേരാണ് തിരുവാതിരക്കളിയിൽ അണിനിരന്നത്. "ഓർത്തോണം, ഒന്നിച്ചോണം, തകർത്തോണം' എന്ന പേരിലാണ് സ്കൂളിൽ ഓണാഘോഷ പരിപാടികൾ അരങ്ങേറിയത്.
രണ്ടു ദിവസത്തെ പരിശീലനം കൊണ്ടാണ് ഇത്രയധികം ആളുകളെ പങ്കടുപ്പിച്ചുകൊണ്ട് തിരുവാതിരക്കളി വിജയകരമായി അരങ്ങേറ്റാൻ സാധിച്ചതെന്ന് സംഘാടകർ പറഞ്ഞു. കുട്ടികളും അധ്യാപകരും അമ്മമാരും ഒന്നിച്ച് കൈകോർത്ത ഈ മെഗാ തിരുവാതിര പ്രദേശവാസികൾക്കും കാഴ്ചക്കാർക്കും വേറിട്ട അനുഭവമായി മാറി. നാടൻ തനിമയോടും ആവേശത്തോടും കൂടെ സംഘടിപ്പിച്ച ചടങ്ങിൽ വിഭവസമൃദ്ധമായ ഓണസദ്യയും വിവിധ ഓണക്കളികളും അരങ്ങേറി.